ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ചിനിടെ അതിക്രമമുണ്ടായെന്ന് ആരോപിച്ച് വനിതാ മാധ്യമപ്രവർത്തക റിച്ചാ പരാശർ ഡൽഹി പൊലിസ് കമ്മീഷണർക്ക് പരാതി നൽകി. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
മാർച്ചിൽ പങ്കെടുത്തവർ തന്നെ തള്ളിമാറ്റിയെന്നും സംഭവത്തിനുശേഷം ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും റിച്ചാ പരാശർ പരാതിയിൽ ആരോപിച്ചു. താൻ മൂന്ന് മാസം ഗർഭിണിയാണെന്നും അതിനാൽ വിഷയത്തെ ഗൗരവത്തോടെ കാണണമെന്നും അവർ ആവശ്യപ്പെട്ടു. സുപ്രീംകോടതിക്ക് പുറത്തുവച്ചാണ് സംഭവമുണ്ടായതെന്നാണ് മാധ്യമപ്രവർത്തകയുടെ ആരോപണം.
രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിക്കാനായി മൈക്ക് നീട്ടിയപ്പോൾ അദ്ദേഹം തന്റെ തോളിൽ പിടിച്ച് വലിച്ചുവെന്നും പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ തള്ളിമാറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്. തള്ളലിനിടെ കോണിപ്പടിയിൽനിന്ന് താഴേക്ക് വീണ തന്റെ ഫോൺ തകർന്നതായും റിച്ചാ പരാശർ ആരോപിച്ചു. സംഭവത്തിൽ പൊലിസ് നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.